എബി ജോണ്‍ കാര്‍ഡിയോ ളജിസ്റ്റാണ്. ചെറുപ്പമാണെങ്കിലും ബുള്‍ഗാന്‍ താടിയും കണ്ണടയും മറ്റും എബിജോണിനെ അല്‌പം ഗൗരവക്കാരനാക്കുന്നുണ്‌ട്. ഡോക്‌ടര്‍ എന്ന നിലയില്‍ ജനപ്രിയനായി മാറിയ എബി ജോണ്‍ ഐ.എം.എയുടെ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്‌ട്. നഗരത്തില്‍ സ്വന്തമായി ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലും നടത്തുന്നുണ്‌ട്.
വിവാഹിതനാണ് എബി ജോണ്‍. ഭാര്യ നിയ, ഏക മകള്‍ അച്ചു.
കുടുബജീവിതത്തിലും എബി ജോണ്‍ മാതൃകാ പുരുഷനാണ്. ജോലി തിരക്കിനിടയിലും ഭാര്യയുടെയും മകളുടെയും കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാണ്.
ബാംഗ്ലൂരിലെ ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഡോക്‌ടര്‍ എബി ജോണ്‍ അപ്രത്യക്ഷനായി. എബി ജോണിന്റെ തിരോധാനത്തെപറ്റി അന്വേഷിക്കാന്‍ സി.ഐ വിജയ് ശങ്കര്‍ നിയമിക്കപ്പെടുന്നു.
വളരെ യാദൃശ്ചികമായി എബി ജോണിന്റെ ജീവിതത്തിലുണ്‌ടായ സംഭവം എല്ലാം തകിടം മറിക്കുകയായിരുന്നു. അതിനെ തരണം ചെയ്യാന്‍ എബി നടത്തുന്ന ശ്രമങ്ങളാണ് റേസ്. ലക്ഷ്യത്തിലേക്ക് എത്തുവാനുള്ള ഓട്ടം. നെട്ടോട്ടം. പക്ഷെ എല്ലാ സാഹചര്യങ്ങളും എബിക്ക് പ്രതികൂലമായിരുന്നു. തുടര്‍ന്നുണ്‌ടാകുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് `റേസ്' എന്ന ഫാമിലി ത്രില്ലറില്‍ സംവിധായകന്‍ കുക്കു സുരേന്ദ്രന്‍ ദൃശ്യവത്‌കരിക്കുന്നത്.
പെന്റാവിഷന്റെ ബാനറില്‍ ജോസ്.കെ.ജോര്‍ജ്ജ്, ഷാജി മേച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന റേസില്‍ എബിജോണായി കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നു. മംമ്‌താ മോഹന്‍ദാസ് നായിക. ുഞ്ചാക്കോ ബോബനും മംമ്‌തയും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് റേസ്.
ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ശ്രീജിത്ത് രവി, ചെമ്പില്‍ അശോകന്‍, മനു ജോസ്, മണികണ്‌ഠന്‍, പാലേരി മാണിക്യം ഫെയിം ഗൗരി മൂഞ്ചല്‍, ഗീതാ വിജയന്‍, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് `റേസ്'. രണ്‌ടു കഥാപാത്രങ്ങളിലൂടെ നടക്കുന്ന പോരാട്ടത്തില്‍ പ്രധാന കാരണമാകുന്നത് പണമാണ്. ഈ രണ്‌ട് കഥാപാത്രങ്ങള്‍ക്കും ജീവിതത്തില്‍ വ്യത്യസ്‌തമായ രീതിയും കാഴ്‌ചപ്പാടുകളുമാണുള്ളത്. ഇത് രണ്‌ട് പേരെയും ബാധിക്കുന്നു. റേസ് ഇവിടെ ആരംഭിക്കുകയാണ്.
ഒരു ആക്ഷന്‍ മൂഡ് ചിത്രത്തിലുടനീളം ഉണ്‌ട്. ചിത്രം പൂര്‍ണ്ണമായ ഒരു ട്രാവലിംഗാണ്. കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല എന്നിവര്‍ ചേര്‍ന്ന് റേസിന്റെ തിരക്കഥയൊരുക്കുന്നു. പ്രമോദ് വര്‍മ്മയാണ് ക്യാമറമാന്‍. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
കല - സാബു മോഹന്‍, മേക്കപ്പ് - ബിനു കുരുമം, വസ്‌ത്രാലങ്കാരം - ഉണ്ണി ആക്കുളം, സ്റ്റില്‍സ് - പരമേശ്വരന്‍, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - പ്രസാദ് പറവൂര്‍, ബൈജു പറവൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എല്‍ദോ സെല്‍വരാജ്. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ - പ്രശാന്ത് പി.അലക്‌സ്. പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ - അനില്‍ അയിരൂര്‍. വിതരണം - റെഡ് വണ്‍ മീഡിയാ ലാബ് റിലീസ്. -എ.എസ് ദിനേശ്.
No comments:
Post a Comment